മർദിച്ചതിനുശേഷം മലയാളിയുടെ പണവും മൊബൈലും കവർന്നു
മനാമ: മർദ്ദിച്ചതിനുശേഷം പണം പിടിച്ചുപറിക്കുന്ന സംഭവം വലിയൊരിടവേളക്കുശേഷം വീണ്ടും. വെള്ളിയാഴ്ച പുലർച്ചെ സൽമാനിയയിലാണ് സംഭവം. ഡ്രൈവറായി ജോലി നോക്കുന്ന കൊല്ലം സ്വദേശിയാണ് അക്രമത്തിനിരയായത്. സൽമാനിയയിലെ സ്ഥാപനത്തിൽ പുലർച്ചെ 4.30 നുള്ള ഷിഫ്റ്റിൽ ജോലിക്ക് പ്രവേശിക്കുവാനായി പോകുമ്പോൾ പിന്നിലൂടെ നടന്നുവരുകയായിരുന്ന ആഫ്രിക്കൻ വംശജൻ ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച ആയിരുന്നതിനാൽ റോഡ് വിജനമായിരുന്നു. പിറകിലൂടെ വന്ന അക്രമി കുപ്പികൊണ്ട് തലക്കടിക്കുകയായിരുന്നെന്ന് കൊല്ലം ഇത്തിക്കര സ്വദേശി പറഞ്ഞു. അതിനുശേഷം പിടിച്ചുവെച്ച് വീണ്ടും മർദ്ദിച്ചു. തുടർന്ന് പഴ്സും ഫോണും കൈക്കലാക്കുകയായിരുന്നു. പോകുമ്പോൾ കുപ്പി കൊണ്ട് വീണ്ടും തലക്കടിച്ചു.
അതിനുശേഷം അക്രമി ഓടി രക്ഷപെടുകയും ചെയ്തു. ഗുരുതരമായി മുറിവേറ്റ മലയാളി സൽമാനിയ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പൊലീസെത്തി തെളിവെടുത്തു. സി.സി ടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ ആക്രമണ ദൃശ്യങ്ങൾ ലഭിച്ചു. 15 വർഷമായി ഡ്രൈവറായി ജോലി നോക്കുന്ന തനിക്ക് ഒരിക്കലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് ഇരയാക്കപ്പെട്ടയാൾ പറഞ്ഞു.
സൽമാനിയ പ്രദേശത്തും അടുത്ത സമയത്തൊന്നും ഇത്തരം അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സൽമാനിയ ആശുപത്രിയിലെ നഴ്സുമാരും ജീവനക്കാരും അടക്കം രാത്രിയിൽ ഷിഫ്റ്റുകഴിഞ്ഞ് പോകുന്ന സ്ഥലമാണിത്. ഗുദൈബിയയിലും മറ്റും പിടിച്ചുപറിക്കാർ സംഘടിതമായി പ്രവർത്തിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. വേനൽ കടുക്കുന്നതോടെ മിക്കവാറും സ്ഥാപനങ്ങളിലെ ജോലി സമയം പുലർച്ചെയാക്കുന്നത് പതിവാണ്. വിജനമായ പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോൾ രാത്രി സമയങ്ങളിൽ ജാഗ്രത പുലർത്തുന്നത് നല്ലതാണെന്ന് സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.