നാലു പതിറ്റാണ്ടു നീണ്ട പ്രവാസം; രണ്ടുപേർ പിറന്ന നാട്ടിലേക്ക്
മനാമ: നാലു പതിറ്റാണ്ടു നീണ്ട പ്രവാസത്തിനൊടുവിൽ ഇതുവരെ ബഹ്റൈനെ ജീവതാളമാക്കി കഴിഞ്ഞിരുന്ന രണ്ടുപേർ പിറന്ന നാടിന്റെ പച്ചപ്പിലേക്ക്. ജലാൽ ഷിൻഡ്‍ലർ ലിഫ്റ്റിലെ ജീവനക്കാരായിരുന്ന പി.കെ. ഉണ്ണികൃഷ്ണപിള്ളയും കെ. ശെൽവകുമാറുമാണ് ജീവിതത്തിന്റെ നല്ല പങ്കും ഇവിടെ ജീവിച്ചതിനുശേഷം നാട്ടിലേക്ക് തിരിക്കുന്നത്.
പന്തളം കുഴൽനട സ്വദേശിയായ ഉണ്ണികൃഷ്ണപിള്ള 46 വർഷം മുമ്പാണ് ബഹ്റൈനിലെത്തിയത്. ഒരേ കമ്പനിയിൽതന്നെ ജോലി ചെയ്തു. ജനറൽ മാനേജറായാണ് പിരിയുന്നത്. 1981ൽ എത്തിയ ശെൽവകുമാർ ഒരേ കമ്പനിയിൽതന്നെ 41 വർഷം പൂർത്തിയാക്കി. കൊടുങ്ങല്ലൂർ കോണത്തുകുന്ന് സ്വദേശിയായ ശെൽവകുമാർ ഇപ്പോൾ എറണാകുളത്ത് തെക്കൻ ചിറ്റൂരിലാണ് താമസിക്കുന്നത്.
വന്ന കാലത്തെ ബഹ്റൈനല്ല ഇപ്പോഴുള്ളതെന്ന് രണ്ടുപേരും പറയും. അന്ന് എവിടെ നോക്കിയാലും വെള്ളമായിരുന്നു. അക്കാലത്ത് കുറെ കഷ്ടപ്പാടുകൾ സഹിച്ചു. വലിയ ചൂടും വലിയ തണുപ്പുമനുഭവിച്ചു. പിന്നീട് ബഹ്റൈൻ വലിയതോതിൽ മാറി. വെള്ളക്കെട്ടുണ്ടായിരുന്ന സ്ഥലങ്ങളിൽ ബഹുനില കെട്ടിടങ്ങൾ വന്നു.
കടൽ നികത്തി. പാതകൾ സുന്ദരമായി. പച്ചപ്പ് വന്നു. മരങ്ങളും പാർക്കുകളുമുണ്ടായി. പച്ചക്കറി തോട്ടങ്ങളുണ്ടായി. ഒരുപാട് മാറ്റം വന്നു. അന്ന് ഡിസംബറിലൊക്കെ വലിയ മഴയും തണുപ്പുമായിരുന്നു. ഇപ്പോൾ കാലാവസ്ഥയിൽ മാറ്റം വന്നു. ഏറക്കുറെ നാട്ടിലേതിനു സമാനമായി ബഹ്റൈൻ എന്ന് രണ്ടുപേരും പറയും. പക്ഷേ, അന്നും ഇന്നും വളരെ സുരക്ഷിതമായ നാടാണ് ബഹ്റൈനെന്ന് ഉറപ്പിച്ചുപറയാൻ രണ്ടുപേർക്കും മടിയില്ല. അക്രമസംഭവങ്ങളോ മോശം അനുഭവങ്ങളോ ഇല്ല.
സ്നേഹം മാത്രം തന്ന മണ്ണാണിത്. വിട്ടുപോകുന്നതിൽ വിഷമമുണ്ട്. ഗോൾഡൻ വിസയുള്ളതിനാൽ ഇടക്ക് വരണമെന്നാണ് വിചാരിക്കുന്നതെന്ന് ഉണ്ണികൃഷ്ണപിള്ള പറഞ്ഞു. ഭാര്യ നാട്ടിൽ സ്കൂൾ അധ്യാപികയായിരുന്നതിനാൽ അവധിക്കാലത്തു മാത്രമാണ് കുടുംബം എത്തിയിരുന്നത്. ഹെഡ്മിസ്ട്രസ്സായി റിട്ടയർ ചെയ്തതിനുശേഷം കുറെനാളായി ഭാര്യ ഗീത കൂടെയുണ്ട്. ബഹ്റൈൻ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മലയാളം പാഠശാലയിൽ പഠിപ്പിക്കാനായത് മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് ഗീത ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.മൂത്തമകൾ മായ ഹോമിയോ ഡോക്ടറും ഇളയ മകൾ അഞ്ജു ദന്തൽ ഡോക്ടറുമാണ്. .
വന്ന കാലത്ത് മനാമ ബസ് സ്റ്റേഷന് എതിർവശത്തുണ്ടായിരുന്ന പേൾ സിനിമയിൽ ഓപൺ എയറിൽ മലയാള സിനിമ കണ്ടിരുന്നത് ശെൽവകുമാറിന് ഓർമയുണ്ട്. ടിക്കറ്റെടുത്ത് കെട്ടിടങ്ങളുടെ ടെറസിലിരുന്നായിരുന്നു സിനിമ കാണൽ. പാർക്ക് ചെയ്തിരുന്ന ബസുകളുടെ മുകളിൽ കയറി ചിലർ ഫ്രീയായി സിനിമ കാണുമായിരുന്നെന്നും കുമാർ ഓർമിച്ചെടുക്കുന്നു. വിവാഹശേഷം ആദ്യ നാലു വർഷം കുടുംബം ഇവിടെയുണ്ടായിരുന്നു. കുട്ടികൾ ജനിച്ചശേഷം നാട്ടിലേക്ക് പോയി.
പിന്നീട് അവധിക്കാലത്ത് മാത്രമായി വരവ്. ഭാര്യ: സുധ.രണ്ട് പെൺമക്കളാണ് കുമാറിന്. മൂത്തയാൾ സുരഭി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. ഇളയ മകൾ സുകൃത ബിരുദവിദ്യാർഥിയാണ്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.