പ്ലാസ്റ്റിക് ഒഴിവാക്കാന്‍ അബൂദബി സര്‍ക്കാര്‍ സ്ഥാപനങ്ങൾ
അബൂദബി: പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ ചലഞ്ചുമായി അബൂദബിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. മാര്‍ച്ച് അവസാനം വരെ നടക്കുന്ന ‘മിഷന് ടു സീറോ’ ഗവണ്മെന്റ് ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് അവാര്‍ഡും നല്‍കുന്നതാണ് പദ്ധതി. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ തോത് അനുസരിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുക.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളായ ഗ്ലാസ്, പ്ലേറ്റ്, കാരിബാഗ്, മറ്റ് ഫുഡ് കണ്ടയ്നറുകള്‍ അടക്കമുള്ളവ ഉപേക്ഷിക്കുകയും പുനരുപയോഗിക്കാവുന്ന ബദല്‍ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ചലഞ്ചിന്റെ പ്രധാന ലക്ഷ്യം. ഓരോ സ്ഥാപനങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങള് കുറക്കുകയും ഇതിലൂടെ പ്രകൃതിസംരക്ഷണം സാധ്യമാവുകയും ചെയ്യും. പ്ലാസ്റ്റിക്കിന്റെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടിയും ഒഴിവാക്കുന്നതിന്റെ ഗുണങ്ങള്‍ അറിയിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അബൂദബി പരിസ്ഥിതി ഏജന്‍സി മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ്, അറബിക് ഭാഷകളിലായിട്ടാണ് ബോധവത്കരണ ഗൈഡ് തയാറാക്കി നല്കി ചലഞ്ചില്‍ ഭാഗമാവാന്‍ ക്ഷണിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി സുപ്രധാന നേട്ടം അബൂദബി കൈവരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നു മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ അബൂദബിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിച്ച് ആറ് മാസത്തിനിടെ 8.7 കോടി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറക്കാന്‍ സാധിച്ചെന്ന് പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കിയിരുന്നു. ആഗോള ശരാശരിയെക്കാള്‍ നാലിരട്ടി കൂടുതലായിരുന്ന പ്ലാസ്റ്റിക് ഉപയോഗമാണ് റെക്കോഡ് സമയത്തിനുള്ളില്‍ കുറച്ചത്. 2019ലെ കണക്കുപ്രകാരം എമിറേറ്റ്സില്‍ വര്‍ഷത്തില്‍ 1100 കോടി പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലാണ് നിരോധനം നടപ്പാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. പ്ലാസ്റ്റിക് നിരോധനത്തോടെ ചണച്ചാക്കുകള്‍, ബയോ ഡീഗ്രേഡബിള്‍ ബാഗുകള്‍, പുതിയ പേപ്പര്‍ ബാഗുകള്‍, റീസൈക്കിള്‍ ചെയ്ത പേപ്പര്‍ ബാഗുകള്‍ തുണി സഞ്ചികള്‍, അന്നജം അടിസ്ഥാനമാക്കിയുള്ള ബാഗുകള്‍ തുടങ്ങിയവയാണ് എമിറേറ്റില്‍ ബദല്‍ സംവിധാനമായി ഉപയോഗിച്ചുവരുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.