• Home
  • News
  • ഒമാനിൽ മഴ തുടരും, ജാഗ്രത പാലിക്കാം

ഒമാനിൽ മഴ തുടരും, ജാഗ്രത പാലിക്കാം

മസ്കത്ത് : ന്യൂനമർദത്തിന്‍റെ ഭാഗമായുള്ള മഴ ഞായറാഴ്ച രാവിലെ വരെ തുടരും. സിവിൽ ഏവിയേഷൻ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ്. മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഹിറ, അൽവുസ്ത, ദാഖിലിയ, മസ്‌കത്ത് ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക.

തെക്ക്-വടക്ക് ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലേക്കും മേഘങ്ങൾ ക്രമേണ വ്യാപിക്കുമെന്നാണ് കരുതുന്നത്. വിവിധ ഇടങ്ങളിൽ പത്തുമുതൽ 70 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 74 കി.മീ. വേഗത്തിലായിരിക്കും കാറ്റ്. ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കും. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കും. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

അതേസമയം, തലസ്ഥാന നഗരിയായ മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ സാമാന്യം നല്ലമഴയാണ് കഴിഞ്ഞ ദിവസവും ലഭിച്ചത്. പലയിടത്തും വാദികൾ രൂപപ്പെട്ടു. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ പെയ്യുന്നത്. കഴിഞ്ഞ ദിവസം മുസന്ദം, സുഹാർ, സഹം, ഷിനാസ്, ഇബ്രി, ദോഫാറിലെ സലാല തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. ഉൾഭാഗങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ നേരിയ തോതിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മസ്കത്ത് ഗവർണറേറ്റിൽ വെള്ളിയാഴ്ച പുലർച്ചയാണ് മഴ പെയ്തത്. വെള്ളിയാഴ്ച രാവിലെ മുതൽ പ്രസന്നമായ കാലാവസ്ഥയായിരുന്നെങ്കിലും വൈകീട്ടോടെ മഴ ശക്തിയാർജിച്ചു. മസ്കത്തിന്‍റെ എല്ലാ വിലായത്തുകളിലും നല്ല മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ച് റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും രംഗത്തുണ്ട്. വാരാന്ത്യദിനങ്ങളിലെ മഴ ഏറെ പ്രയാസത്തിലാക്കിയത് കച്ചവടക്കാരെയാണ്.

അവധി ദിനങ്ങളിലാണ് സ്വദേശികളും വിദേശികളുമടക്കമുള്ളവർ ഷോപ്പിങ്ങിന് ഇറങ്ങാറ്. തണുത്ത കാലാവസ്ഥ അനുഭവപ്പെട്ടതോടെ പലരും വീടുകളിലും ഫ്ലാറ്റുകളിലും ഒതുങ്ങിക്കൂടുകയായിരുന്നു. ഇതോടെ നഗരങ്ങളിലൊക്കെ ആളൊഴിഞ്ഞ സ്ഥിതിയായി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All