ഖത്തറിൽ മഴ കുറയുന്നു, ഇനി തണുപ്പുകൂടും
ദോഹ: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഖത്തറിൽ മിക്കയിടത്തും കനത്ത മഴ ലഭിച്ചു. പലയിടത്തും ഇടിമിന്നലോടുകൂടിയാണ് മഴ പെയ്തത്. വ്യാഴാഴ്ച രാവിലെയോടെ മഴ കനക്കുകയും വെള്ളിയാഴ്ച രാത്രിയോടെ മഴയുടെ അളവ് കുറയുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി മുതൽ അന്തരീക്ഷ ഊഷ്മാവ് ഇനിയും കുറയുമെന്നും തണുപ്പ് ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച വരെ തണുപ്പ് കൂടിവരുമെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഈ ദിവസങ്ങളിൽ രാത്രിയിലെ താപനില 10-15 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കൂടിയ താപനില ഈ ദിവസങ്ങളിൽ 18നും 22നും ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. വരും ദിവസങ്ങളിൽ മഴക്കുള്ള സാധ്യത കുറഞ്ഞുവരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കടലിൽ ഒറ്റപ്പെട്ട മഴക്കും കനത്ത കാറ്റിനും സാധ്യതയുള്ളതിനാൽ മറൈൻ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർഷത്തിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന ‘ബർദ് അൽ അസരിഖ്’ ദിവസങ്ങൾ ജനുവരി 24നും 31നും ഇടക്കായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.