ഒമാനിൽ അനധികൃത മത്സ്യബന്ധനം, മൂന്നു വിദേശികൾ പിടിയിൽ
മസ്കത്ത് : അൽ വുസ്തയിൽ അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിച്ച് മീൻ പിടിച്ചതിന് മൂന്നു വിദേശികളെ അറസ്റ്റ് ചെയ്തു. രണ്ടു ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീം ദുകം വിലായത്തിൽനിന്നാണ് ഇവരെ പിടികൂടിയതെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നിരോധിത കാലയളവിൽ പിടികൂടിയ 1036 കിലോ ലോബ്സ്റ്റർ പിടിച്ചെടുക്കുകയും ചെയ്തു. ദോഫാറിലെ ഫിഷറീസ് കൺട്രോൾ ടീം ജനുവരി 21നാണ് ഇവ പിടികൂടുന്നത്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കോസ്റ്റ് ഗാർഡ് ഓഫ് റോയൽ ഒമാൻ പൊലീസ്, റോയൽ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ രാജ്യത്തെ മത്സ്യബന്ധന സ്ഥലങ്ങൾ പതിവായി നിരീക്ഷിക്കുന്നുണ്ടെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.