ദോഹ മാരത്തൺ: ഒന്നാമനായി ഔത്തൽഹ
ദോഹ: രാജ്യത്തെ കായിക കലണ്ടറിലെ സുപ്രധാന പരിപാടികളിൽ ഒന്നായ ദോഹ മാരത്തൺ ആവേശപൂർവം അരങ്ങേറി. വെള്ളിയാഴ്ച രാവിലെ 6.15ന് സ്റ്റാർട്ടിങ് ഗൺ വെടിമുഴക്കിയതോടെ നൂറുകണക്കിന് അത്ലറ്റുകൾ അഭിമാനകരമായ പോരാട്ടത്തിൽ അണിനിരന്നു. ലോകം അറിയപ്പെടുന്ന പ്രമുഖ റണ്ണർമാർക്കൊപ്പം പ്രാദേശിക കായികതാരങ്ങളും അണിനിരന്ന 13ാമത് മാരത്തൺ പങ്കാളികളുടെ എണ്ണത്തിൽ പുതിയ ചരിത്രമെഴുതി. 8000 പേരാണ് മാരത്തണിന്റെ സ്റ്റാർട്ടിങ് ലൈനിൽ ഇക്കുറി അണിനിരന്നത്. ദോഹ മാരത്തണിന്റെ ചരിത്രത്തിൽ റെക്കോഡാണിത്.
കുട്ടികളുടെ ഒരു കിലോമീറ്റർ ഓട്ടം മുതൽ ഫുൾ മാരത്തൺ വരെ വിവിധ ദൂരത്തിലുള്ള കാറ്റഗറികളിലായാണ് ദോഹ മാരത്തൺ അരങ്ങേറിയത്. പുരുഷന്മാരുടെ മാരത്തണിൽ മൊറോക്കോയുടെ മുഹ്സിൻ ഔത്തൽഹ രണ്ടു മണിക്കൂർ 06 മിനിറ്റ് 49 സെക്കൻഡ് സമയത്തിൽ ഒന്നാം സ്ഥാനം നേടി. കെനിയയുടെ ഗെവിൻ കെറിച്ച് (2:06:52) രണ്ടാം സ്ഥാനത്തെത്തി. കെനിയയുടെ തന്നെ വിക്ടർ കിപ്ചിർചിറും ഇത്യോപ്യയുടെ അദാനെ കെബെഡെയും 2:06:54 സമയത്തിൽ സംയുക്തമായി മൂന്നാം സ്ഥാനത്തെത്തി.
വനിതകളുടെ മാരത്തണിൽ ഇത്യോപ്യയിൽനിന്നുള്ള മെസെറെറ്റ് ബെലെറ്റ് 2:20:45 സമയത്തിൽ ഒന്നാം സ്ഥാനത്തെത്തി. ബ്രൂണെയുടെ ദേസി ജിസ മൊകോനിൻ (2:20:47) രണ്ടാമതെത്തിയപ്പോൾ കെനിയയുടെ ബിയാട്രിസ് ചെപ്റ്റൂവിനാണ് (2:22:28) മൂന്നാം സ്ഥാനം. ഓപൺ മാരത്തൺ വിഭാഗത്തിൽ, പുരുഷന്മാരിൽ ബ്രിട്ടന്റെ മൈക്കൽ കാലെൻബെർഗർ 2:23:02 സമയത്തിൽ ഒന്നാമനായി. ഈയിനത്തിലെ വനിതകളിൽ യു.എസിന്റെ അബിഗെയ്ൽ സെംബർ (3:04:00) ആണ് ജേത്രിയായത്.
ഖത്തരി ഓട്ടക്കാർക്ക് ഇത്തവണയും അൽഅദാം വിഭാഗത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു. പുരുഷന്മാരുടെ മാരത്തണിൽ 2:48:21 സമയത്തിൽ അബ്ദുല്ല ഫഹദ് അൽ സറ ജേതാവായപ്പോൾ, വനിതകളുടെ മാരത്തണിൽ റബാഹ് അൽ മുസ്ലിഹ് (3:50:55) ഒന്നാമതെത്തി. പുരുഷന്മാരുടെ ഹാഫ് മാരത്തണിൽ മൊറോക്കോയുടെ അനൂവർ അൽ ഗൗസ് (1:03:23) ജേതാവായി. വനിതകളുടെ ഹാഫ് മാരത്തണിൽ യുക്രെയ്ൻകാരിയായ തെത്യാന പിഡോയ്നക്കാണ് (1:08:53) ഒന്നാം സ്ഥാനം.
‘ഞങ്ങളുടെ വാർഷിക മാരത്തൺ അത്ഭുതകരമായ വിജയമായിരുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ട്. എല്ലായ്പോഴും എന്നപോലെ, ദോഹ മാരത്തൺ ലോകത്തിലെ മുൻനിര ഓട്ടക്കാരെ ആകർഷിക്കുകയും പൂർണമായി പങ്കാളിത്തമുണ്ടാവുകയും ചെയ്യുന്നു.
നമ്മുടെ പ്രാദേശിക റണ്ണർമാർക്ക് കായിക ലോകത്തെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം ഓടാനുള്ള അവസരം നൽകുകയാണിത്. ഞങ്ങളുടെ പങ്കാളികളുടെയും സ്പോൺസർമാരുടെയും പിന്തുണക്ക് നന്ദിയുണ്ട്. ഓട്ടക്കാർക്കും കാണികൾക്കും അവിശ്വസനീയവും അതുല്യവുമായ അനുഭവം ഉറപ്പാക്കാൻ മാരത്തണിന് കഴിഞ്ഞു. ഉരീദുവിന്റെ സാമൂഹിക ഉത്തരവാദിത്തത്തിലൂന്നിയ പ്രതിബദ്ധതയുടെ ഭാഗമായി ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയുടെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമാണിത്’ -ദോഹ മാരത്തണിന്റെ മുഖ്യപ്രായോജകരായ ഉരീദുവിന്റെ സി.ഇ.ഒ ശൈഖ് അലി ബിൻ ജാബിർ ആൽഥാനി പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.