ഒമാനിൽ സാമ്പ്രാണി ഫെസ്റ്റിവലിന് ഇന്ന് തുടക്കം
മസ്കത്ത് : സാമ്പ്രാണി (ഫ്രാങ്കിൻസെൻസ്) ഫെസ്റ്റിവൽ നവംബർ തിങ്കളാഴ്ച മുതൽ ഡിസംബർ രണ്ടുവരെ സലാലയിൽ നടക്കും. പൈതൃക വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ ഫെസ്റ്റിവൽ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസിലെ അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, സംഹറം ആർക്കിയോളജിക്കൽ പാർക്ക്, വാദി ദ്വാക നേച്ചർ റിസർവ് എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും നടക്കുക.
ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകളുടെ ചരിത്രപരമായ സവിശേഷതകളും മറ്റും ഉയർത്തിക്കാട്ടുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ അബ്രി പറഞ്ഞു. കർഷകർ എങ്ങനെയാണ് സാമ്പ്രാണി ശേഖരിക്കുന്നതെന്നും അതിനെ അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങൾ പരമ്പരാഗതവും ആധുനികവുമായ രീതികളിൽ നിർമിക്കുന്നതിനെക്കുറിച്ചുള്ള അവതരണവും ഫെസ്റ്റിവലിൽ ഉണ്ടാകും. പ്രാദേശിക കമ്പനികളുടെ സുഗന്ധദ്രവ്യങ്ങളുടെയും ഒമാനി സാമ്പ്രാണി ഉൽപന്നങ്ങളുടെയും പ്രദർശനവും നടക്കും.
ഖോർ അൽ ബലീദിൽ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനായി ബോട്ട് സർവിസും നടത്തും. റസ്റ്റാറന്റുകൾ, കുട്ടികളുടെ തിയറ്ററുകൾ എന്നിവക്കായി പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്. ഡിസംബർ രണ്ടിന് വാദി ദ്വാക പ്രകൃതിസംരക്ഷണ കേന്ദ്രത്തിൽ ആയിരത്തോളം സാമ്പ്രാണി മരങ്ങളും നടും. യുനെസ്കോ ലോക പൈതൃകപട്ടികയിൽ ഫ്രാങ്കിൻസൺ സൈറ്റുകൾ ഉൾപ്പെടുത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണിത്.
മുൻകാലങ്ങളിൽ സാമ്പ്രാണിയുടെ വ്യാപാരത്തിന് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോഴും ഇത് രാജ്യത്തെ പലരുടെയും പ്രധാന വരുമാനമാർഗമാണ്. ലോകത്തിലെതന്നെ മികച്ച സാമ്പ്രാണി ഉൽപാദന രാജ്യങ്ങളിലൊന്നാണ് ഒമാൻ. ദോഫാർ ഗവർണറേറ്റിലെ ചില സ്ഥലങ്ങളിൽ സാമ്പ്രാണി മരങ്ങൾക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഇത് രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്.എം.ഇ) അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനും സഹായിക്കുമെന്ന് പ്രാദേശിക ഒമാനി ഉദ്യോഗസ്ഥൻ പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.