ഒമാനിൽ സ്വദേശി വനിതയെ കാണാതായിട്ട് 50 ദിവസം
മസ്കത്ത് : ദാഖിലിയ ഗവര്‍ണറേറ്റിലെ ഇസ്കിയില്നിന്ന് കാണാതായ സ്വദേശി വനിതയെ 50 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ഒക്ടോബർ മൂന്നിനാണ് ഹമീദ ബിന്ത് ഹമ്മൂദ് അല്‍ അംരിയെന്ന 57കാരിയെ കാണാതാകുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചുവന്നിട്ടില്ല. 50 ദിവസത്തിലധികം കഴിഞ്ഞെങ്കിലും ഉമ്മ തിരിച്ചുവരുന്നതും കാത്ത് പ്രതീക്ഷയോടെ കഴിയുകയാണെന്ന് മകൻ യൂസഫ് അൽ ഹദ്രാമി പറഞ്ഞു. ഇവരെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെയും എത്തിയിട്ടുണ്ട്. സ്വദേശി വനിതയെ കുറിച്ച് വിവരം തരുന്നവർക്ക് മാധ്യമപ്രവർത്തകനായ അബു തലാൽ അൽ ഹംറാനി 11,000 റിയാൽ പാരിതോഷികവും പ്രഖ്യാപിച്ചു.
അതേസമയം, ആർ.ഒ.പിയുടെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ ഡ്രോൺ, പൊലീസ് നായ് എന്നിവയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയിരുന്നു. നാട്ടുകാരും സന്നദ്ധ സംഘടനകളും തിരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 9999 നമ്പറിലുള്ള പൊലീസ് ഓപറേഷന്‍സ് സെന്ററുമായോ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.
സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിന്റെ പിന്തുണയോടെ ഇസ്കി വിലായത്തിലെ സിമയിലും സമീപ ഗ്രാമപ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഇവരെ കണ്ടെത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചിട്ടുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.