ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ്, നാമനിർദേശ പത്രിക ഫോറം വിതരണം ഇന്നുമുതൽ
മസ്കത്ത് : ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദേശ പത്രികയുടെ ഫോറം ശനിയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മസ്കത്ത് ഇന്ത്യൻ സ്കൂളിൽനിന്നും രാവിലെ ഒമ്പതുമുതൽ കൈപ്പറ്റാവുന്നതാണ്. റസിഡൻസ് കാർഡുമായി എത്തുന്നവർക്കേ ഫോറം ലഭിക്കുകയുള്ളൂ. രക്ഷിതാവാണെന്നു തെളിയിക്കുന്നതിനുള്ള തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. മത്സരിക്കുന്നവർ നേരിട്ടാണ് കൈപ്പറ്റേണ്ടതെന്നും ചുമതലപ്പെടുത്തിയ ആളുകൾക്ക് ഫോറം നൽകുകയില്ലെന്നും അധികൃതർ വ്യക്തമാക്കി.
വോട്ടർ പട്ടികയും ശനിയാഴ്ച പ്രസിദ്ധീകരിക്കും. മസ്കത്ത് ഇന്ത്യൻ സ്കൂളിന്റെ നോട്ടീസ് ബോർഡിലായിരിക്കും ഇവ പതിക്കുക. വോട്ടവകാശം ലഭിക്കാത്തവർക്കോ പരാതി ഉള്ളവർക്കോ ബോർഡ് അധികൃതരെ അറിയിക്കാവുന്നതാണ്. ഇലക്ഷൻ കമീഷൻ ചെയർമാൻ ബാബു രാജേന്ദ്രന്റെ നേതൃത്വത്തിൽ അംഗങ്ങളായ കെ.എം. ഷക്കീൽ, ദിവേഷ് ലുംബാ, മൈതിലി ആനന്ദ്, എ.എ. അവോസായ് നായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു വോട്ടർ പട്ടിക തയാറാക്കിയത്.
രക്ഷിതാക്കൾക്ക് കമീഷന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ www.indianschoolsboardelection.org എന്ന വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റും ശനിയാഴ്ചമുതൽ ലഭ്യമായി തുടങ്ങും. ഇതിലൂടെ കമീഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് അറിയാനും പാരന്റ് ഐഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത പരിശോധിക്കാനും സാധിക്കും.
നാമനിർദേശ പത്രിക ഡിസംബർ ഒന്നുമുതൽ 16ന് ഉച്ചക്ക് ഒരുമണിവരെ സമർപ്പിക്കാം. 22ന് സൂക്ഷ്മപരിശോധന പൂർത്തിയാവും. ജനുവരി നാല് ഉച്ചക്ക് ഒരുമണിവരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. സ്ഥാനാർഥികളുടെ അന്തിമ പട്ടിക ജനുവരി അഞ്ചിന് പുറത്തിറങ്ങും. സ്കൂൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മൊത്തം 11 അംഗങ്ങളാണ് ഡയറക്ടർ ബോർഡിലുണ്ടാവുക.
ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് വോട്ടവകാശമുണ്ടാവുക. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ആവശ്യമായ യോഗ്യതകളും മാർഗ നിർദേശങ്ങളും തെരഞ്ഞെടുപ്പ് നിയമാവലിയിൽ ഉണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമൂഹമാധ്യമങ്ങൾ അടക്കമുള്ളവ ഉപയോഗപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.