സൗദിയിൽ വീട്ടുജോലിക്കാരിക്കു ക്രൂരമർദനം; മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ
ഹായിൽ∙ സൗദിയിലെ ഹായിലിൽ വീട്ടു ജോലിക്കാരിയെ മർദിച്ച കേസിൽ മൂന്നു സ്ത്രീകൾക്കെതിരെയും ഒരു പുരുഷനെതിരെയും സൗദി പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തു. ക്രിമിനൽ നടപടി ചട്ടത്തിലെ ആർട്ടിക്കിൾ 24, 27, 28 പ്രകാരം അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കേസ് റഫർ ചെയ്യാനും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾക്ക് പബ്ലിക് പ്രോസിക്യൂഷൻ നിർദേശം നൽകിയിട്ടുണ്ട്.
ആക്രമണ സംഭവത്തെക്കുറിച്ച് ഒരു പത്രത്തിൽ വാർത്ത വന്നതിനെ തുടർന്നാണു വിഷയത്തിൽ ഇടപെട്ടതെന്നു പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വീട്ടു ജോലിക്കാരി തന്റെ സ്പോൺസറിൽ നിന്ന് ഒളിച്ചോടി മറ്റൊരു വീട്ടിൽ അനധികൃതമായി ജോലി ചെയ്യാൻ തുടങ്ങിയതായി പത്രവാർത്തയിൽ പറയുന്നു. നിയമപരമായ യാതൊരു രേഖയുമില്ലാതെ അവർക്കായി ജോലി ചെയ്യുന്നതിനിടെയാണ് ആ വീട്ടിൽ മൂന്നു സ്ത്രീകളും ഒരു പുരുഷനും ചേർന്നു അവളെ ആക്രമിച്ചത്.
വ്യക്തിക്കടത്തു വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 15 അനുസരിച്ചു വീട്ടുജോലിക്കാരിയെ ഷെൽട്ടർ ഹോമിലേക്കു കൈമാറാനും പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചു. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഈ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നതു തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനോ കുറ്റകൃത്യം ചെയ്യുന്നതിനോ അല്ലെങ്കിൽ നിയമം ഉറപ്പുനൽകുന്ന അവളുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതിനോ കാരണമാകുമെന്നും ഉറവിടം ചൂണ്ടിക്കാട്ടി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.