മൊബൈൽ രക്തദാന യൂനിറ്റുകളുടെ ശേഷി വർധിപ്പിച്ച് ക്യു.ബി.എസ്
ദോഹ: രക്ത, രക്തഘടകങ്ങൾക്കുവേണ്ടിയുള്ള വർധിച്ച ആവശ്യം കണക്കിലെടുത്തും ഫിഫ ലോകകപ്പ് 2022െൻറ തയാറെടുപ്പുകളുടെ ഭാഗമായും മൊബൈൽ രക്തദാന യൂനിറ്റുകളുടെ ശേഷി വർധിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ഖത്തർ ബ്ലഡ് സർവിസസ് (ക്യു.ബി.എസ്).
രക്തം ശേഖരിക്കുന്നതിനും സംഭരിച്ച് വെക്കുന്നതിനും കൂടുതൽ ശേഷിയുമുള്ള പുതിയ മൂന്ന് മൊബൈൽ രക്തദാന യൂനിറ്റുകളാണ് ഖത്തർ ബ്ലഡ് സെൻറർ ആരംഭിച്ചിരിക്കുന്നതെന്ന് എച്ച്.എം.സി ലബോറട്ടറി മെഡിസിൻ ആൻഡ് പത്തോളജി വിഭാഗം ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡിവിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അയ്ഷ ഇബ്റാഹിം അൽ മൽകി പറഞ്ഞു.
ഖത്തറിലെ മുഴുവൻ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമുള്ള രക്തവും രക്തഘടകങ്ങളും ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രാജ്യത്തെ ഏക സ്ഥാപനമാണ് ഖത്തർ ബ്ലഡ് സെൻറർ. രക്തത്തിനായുള്ള ആവശ്യം വർധിച്ചതും ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പുകളുമായി ബന്ധപ്പെട്ടുമാണ് പുതിയ മൂന്നു മൊബൈൽ രക്തദാന ട്രക്കുകളുടെ പ്രവർത്തനം ആരംഭിച്ചതെന്നും കൂടുതൽ പേർക്ക് ഒരേസമയം രക്തദാനം ചെയ്യാമെന്നും അത്യാധുനിക സൗകര്യങ്ങളാണ് ട്രക്കുകളിൽ സജ്ജമാക്കിയിരിക്കുന്നതെന്നും ഡോ. അൽ മൽകി പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.