ആശൂറാ അവധി: കൂടുതൽ യാത്രക്കാരെ സ്വീകരിക്കാൻ കോസ്വേ സജ്ജം
മനാമ: ആശൂറാ അവധിദിനങ്ങളോടനുബന്ധിച്ച് കൂടുതൽ യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി കോസ്വേ അതോറിറ്റി അറിയിച്ചു. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം പ്രത്യേക യോഗം വിളിച്ചുചേർത്തിരുന്നു.
കോസ്വേ അതോറിറ്റി, കോസ്വേ പൊലീസ് ഡയറക്ടറേറ്റ്, സുരക്ഷ സേവനവിഭാഗം, നീതിന്യായ, ഇസ്ലാമികകാര്യ മന്ത്രാലയം, കസ്റ്റംസ്, പാസ്പോർട്ട് വിഭാഗം തുടങ്ങിയവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ആശൂറാ അവധി ദിനങ്ങളിൽ കോസ്വേ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ നീക്കം എളുപ്പമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു. ആശൂറാ അവധി ദിനങ്ങളിൽ ധാരാളംപേർ ഉംറക്ക് പുറപ്പെടുന്ന സാഹചര്യംകൂടി കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിന് തീരുമാനിച്ചു.
തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ഉംറ ട്രിപ് സംഘടിപ്പിക്കുന്ന ഗ്രൂപ്പുകൾ കോസ്വേ അതോറിറ്റി നൽകുന്ന സമയക്രമമനുസരിച്ച് പുറപ്പെടണമെന്ന് നിർദേശിച്ചിട്ടുണ്ട്. യാത്രക്ക് മുമ്പുതന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഉംറ സംഘാടകർ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.