ഫിക്സഡ് ബിൽ സംവിധാനം ഉപഭോക്താക്കൾക്ക് സൗകര്യമാകും
മനാമ: വൈദ്യുതി, വെള്ളം ബില്ലുകൾ അടക്കുന്നത് എളുപ്പമാക്കി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി നടപ്പാക്കുന്ന പുതിയ സംവിധാനം ഈ മാസം മുതൽ നിലവിൽവരും. അവസാന 12 മാസത്തെ ബിൽ തുകയുടെ ശരാശരി കണക്കിലെടുത്ത് ഓരോ മാസവും ഫിക്സഡ് ബിൽ നൽകുന്ന സംവിധാനമാണ് ആരംഭിക്കുന്നത്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഈ സംവിധാനത്തിൽ ചേരാമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
വേനൽക്കാലത്ത് ഉപഭോഗം കൂടുമ്പോൾ അമിതമായ ബിൽ അടക്കേണ്ടിവരുന്നതിന് ഈ സംവിധാനത്തിലൂടെ പരിഹാരമാകുമെന്നാണ് കരുതുന്നത്. ഉപഭോക്താക്കൾക്ക് പ്രതിമാസ ചെലവ് നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. പദ്ധതിയിൽ ചേരുന്നവർക്ക് ഒരു വർഷത്തേക്ക് വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന പേടിയും വേണ്ട. ഓരോ മാസവും കണക്കാക്കുന്ന ഫിക്സഡ് ബില്ലിലെ തുക ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കുകയാണ് ചെയ്യുക. ഓരോ വർഷത്തിന്റെയും അവസാനം യഥാർഥ ഉപഭോഗവും ഫിക്സഡ് ബിൽ തുകയും അവലോകനം ചെയ്യും.
ഫിക്സഡ് ബിൽ യഥാർഥ ബിൽ തുകയേക്കാൾ അധികമാണെങ്കിൽ കൂടുതലായി അടച്ച തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ വരവുവെക്കും. ഇത് പിന്നീട് വരുന്ന ബില്ലുകൾ അടക്കാൻ ഉപയോഗിക്കാം. എന്നാൽ, യഥാർഥ ഉപഭോഗത്തേക്കാൾ കുറവാണ് ഫിക്സഡ് ബിൽ തുകയെങ്കിൽ അടക്കാനുള്ള ശേഷിക്കുന്ന തുക അടുത്ത വർഷത്തേക്കു മാറ്റും. ഇത് ഒരു വർഷത്തിനുള്ളിൽ ഗഡുക്കളായി അടച്ചുതീർക്കാം. പദ്ധതിയിൽ ചേരുന്നതുമുതൽ 12 മാസമാണ് ഫിക്സഡ് ബിൽ പദ്ധതിയുടെ കാലയളവ്. അതിനുശേഷം ഉപഭോക്താവ് റദ്ദാക്കാൻ ആവശ്യപ്പെടുന്നില്ലെങ്കിൽ തനിയെ പുതുക്കപ്പെടുന്നതാണ്. ബഹ്റൈന്റെ ദേശീയ പോർട്ടലായ www.bahrain.bh, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വെബ്സൈറ്റായ www.ewa.bh എന്നിവ വഴിയോ 17515555 എന്ന നമ്പറിൽ അതോറിറ്റിയുടെ കാൾ സെന്ററിൽ വിളിച്ചോ പദ്ധതിയിൽ ചേരാം. 24 മണിക്കൂറും കാൾ സെന്റർ സേവനം ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹമ്മദ് മുഹമ്മദ് പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.