ഹെൽമറ്റില്ലാതെ ഇ– സ്കൂട്ടർ ഓടിച്ചാൽ കുടുങ്ങും
അബുദാബി∙ ഹെൽമറ്റ് ഉൾപ്പെടെ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ഇ–സ്കൂട്ടർ ഓടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി പൊലീസ്. ഇ-സ്കൂട്ടർ ഓടിക്കുന്നവർ അപകടത്തിൽപെടുന്നത് വർധിച്ച പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കിയത്.
ഹെൽമറ്റ്, കൈ, കാൽമുട്ട് പാഡ്, റിഫ്ലക്ടീവ് വസ്ത്രങ്ങൾ തുടങ്ങി സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് അപകടത്തിനും ഗുരുതര പരുക്കിനു കാരണമെന്നും ചൂണ്ടിക്കാട്ടി. നവീന ഗതാഗത രൂപമായ ഇ–സ്കൂട്ടർ ഉപയോഗത്തിലെ എളുപ്പവും ചെലവു കുറവും പരിസ്ഥിതി സൗഹൃദവുമായതിനാൽ പെട്ടെന്ന് പ്രചാരത്തിലായി.
ഹ്രസ്വദൂര യാത്രയ്ക്കും ബസ് സ്റ്റേഷൻ, ഷോപ്പിങ് മാൾ, താമസ കെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്കു പോകാനും തിരിച്ചുവരാനുമാണ് പലരും സൈക്കിളും ഇ–ബൈക്കും സ്കൂട്ടറും ഉപയോഗിക്കുന്നത്. എന്നാൽ ഇവയിൽ ഒന്നിലേറെ പേർ യാത്ര ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തും.
ഹംപിൽ ഇടിച്ചോ റോഡിൽനിന്ന് തെറിച്ചുവീണോ ആണ് ഇ–സ്കൂട്ടർ ഓടിക്കുന്ന 80% പേർക്കും പരുക്കുപറ്റുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇ–സ്കൂട്ടറുമായി തെരുവിലിറങ്ങുന്നതിന് മുൻപ് അവയിൽ പരിശീലിച്ച് വൈദഗ്ധ്യവും വേഗനിയന്ത്രണവും നേടണമെന്നും ഓർമിപ്പിച്ചു. സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് ഓർമപ്പെടുത്തി അബുദാബി പൊലീസ് ബോധവൽക്കരണം ശക്തമാക്കി.
ശ്രദ്ധിക്കാൻ
∙ ഹെൽമറ്റ്, കാൽമുട്ട് പാഡ്, കൈമുട്ട് പാഡ്, റിഫ്ലക്ടർ വസ്ത്രം എന്നിവ ധരിക്കുക.
∙ മതിയായ പരിശീലനം നേടിയ ശേഷം മാത്രം ഇ–സ്കൂട്ടറുമായി നിരത്തിലിറങ്ങാവൂ.
∙ കാൽനട യാത്രക്കാർക്കു മറ്റു വാഹനങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാക്കരുത്.
∙ നിരോധിത പാതകളിൽ ഇ-സ്കൂട്ടർ ഓടിക്കരുത്.
∙ ഇ–സ്കൂട്ടറിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ.
∙ വേഗത പരിധി മണിക്കൂറിൽ 20 കി.മീ കവിയരുത്.
∙ നടപ്പാതയിലോ റോഡിലോ മാർഗ തടസ്സമുണ്ടാക്കരുത്.
∙ യാത്രയ്ക്കും നഗരസൗന്ദര്യത്തിനും വിഘാതമാകും വിധം ഇ–സ്കൂട്ടർ പോസ്റ്റിലോ മറ്റോ കെട്ടിയിടരുത.്
∙ കവലകളിലും സീബ്രാ ക്രോസിലും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം.
∙ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിർത്തിടയരുത്.
∙ റോഡിന്റെ എതിർ ദിശയിൽ സഞ്ചരിക്കാൻ പാടില്ല.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.