സർക്കാർ, സ്വകാര്യ മേഖലകളിൽ സ്വദേശിവൽക്കരണം വേണം : കുവൈറ്റ് എംപിമാർ
കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കണമന്ന് ആവശ്യവുമായി കുവൈത്ത് എംപിമാര്‍ പാര്‍ലമെന്റില്‍. രാജ്യത്ത് തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയും കുവൈറ്റ് പൗരന്മാര്ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്ന് കരട് ബില്ലുകളിന്‍ മേല്‍ നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് എംപിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ കുവൈറ്റ് പൗരന്മാര്ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നും സര്‍ക്കാര്‍ ജോലികളില്‍ പുതുതായി പ്രവാസികളെ നിയമിക്കുന്നത് നിര്‍ത്തലാക്കണമെന്നുമാണ് എംപിമാരുടെ ആവശ്യം.
ശക്തമായ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ബില്ലുകള്‍ എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, കുവൈറ്റ് പൗരന്മാര്ക്കിടയില് കഴിഞ്ഞ ആറു മാസത്തിനകം തൊഴിലില്ലായ്മാ നിരക്കില്‍ വലിയ വര്‍ധനവുണ്ടായതായി എംപി അബ്ദുല്‍ അസീസ് അല്‍ സഖബി ചൂണ്ടിക്കാട്ടി. ആറു മാസം മുമ്പ് 26 ശതമാനമായിരുന്ന തൊഴില്ലായ്മാ നിരക്ക് 32 ശതമാനമായാണ് ഉയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി ഇതിന് വലിയ കാരണമായതായാണ് വിലയിരുത്തല്‍. അതേസമയം, സ്വകാര്യ മേഖലയിലെ ജോലികള്‍ ഒഴിവാക്കി സ്വദേശികളില്‍ പലരും സര്‍ക്കാര്‍ മേഖലയിലേക്ക് തിരികെ വരുന്നതായി എംപി ഉസാമ അല്‍ ശഹീന്‍ പറഞ്ഞു. സ്വകാര്യ മേഖലയില്‍ സ്വദേശികളെ പിടിച്ചു നിര്‍ത്താന്‍ ഉതകുന്ന രീതിയിലുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.