• Home
  • News
  • 'ഉപേക്ഷിക്കാന്‍ മനസ്സു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയ്യാറായില്ല', കാമുകി

'ഉപേക്ഷിക്കാന്‍ മനസ്സു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയ്യാറായില്ല', കാമുകിയെ 10 വര്‍ഷം ഒളിപ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

പാലക്കാട് : നെന്മാറ അയിലൂരില്‍ യുവാവ് കാമുകിയെ 10 വര്‍ഷം സ്വന്തം വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ്. ഇരുവരും പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസ് സംഘം നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ഇവര്‍ പറഞ്ഞതെല്ലാം വിശ്വസിക്കാനാവുന്ന കാര്യങ്ങളാണെന്നും നെന്മാറ എസ്.എച്ച്.ഒ ദീപുകുമാര്‍ പറഞ്ഞു. ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കാനുള്ള സംവിധാനം പൊലീസ് ഒരുക്കുമെന്നും മറ്റു സഹായങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അയിലൂരിലെ റഹ്മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടില്‍ 10 വര്‍ഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് റഹ്മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് പത്ത് വര്‍ഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു. 

തങ്ങള്‍ പ്രണയത്തിലാണെന്നും 10 വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പൊലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് നെന്മാറ എസ്.എച്ച്.ഒ പറഞ്ഞത്.

''യുവതി വളരെ ബോള്‍ഡായാണ് സംസാരിച്ചത്. 18 വയസ്സുള്ളപ്പോഴാണ് അവര്‍ റഹ്മാനൊപ്പം ജീവിതം ആരംഭിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആര്‍ക്കും അറിയുമായിരുന്നില്ല. അതിനാല്‍തന്നെ യുവതിയെ കാണാതായ സംഭവത്തില്‍ റഹ്മാനെ ആരും സംശയിച്ചതുമില്ല. നാലു ജോഡി വസ്ത്രങ്ങളുമായാണ് അന്ന് യുവതി വീടു വിട്ടിറങ്ങിയത്. ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാണെന്ന് അന്നേ വീട്ടുകാര്‍ സംശയിച്ചിരുന്നു. മൊബൈല്‍ ഫോണൊന്നും ഉപയോഗിക്കാതിരുന്നതും അന്നത്തെ അന്വേഷനത്തില്‍ വെല്ലുവിളിയായി.'

'10 വര്‍ഷം വീട്ടിലെ ചെറിയ മുറിയിലാണ് യുവാവ് യുവതിയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. വീട്ടുകാരെ ആരെയും മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഭക്ഷണമെല്ലാം മുറിയില്‍ കൊണ്ടുപോയാണ് കഴിച്ചത്. മകന് മാനസികപ്രശ്‌നമുണ്ടെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയത് യുവാവിന് സഹായകമായി. ഇത് മറയാക്കിയായിരുന്നു പിന്നീടുള്ള പെരുമാറ്റം.' 

'യുവാവിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും അവരുടെ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് രഹസ്യമായി പുറത്തു പോകാന്‍ ജനല്‍ പോലെ ഒരു വിടവ് ഉണ്ടാക്കിയിരുന്നു. അടിയന്തരഘട്ടങ്ങളില്‍ യുവതിയ്ക്ക് കയറിയിരിക്കാന്‍ പാകത്തില്‍ ഒരു പ്രത്യേക പെട്ടിയും ഉണ്ടായിരുന്നു. വീടുപണി നടക്കുന്ന സമയത്തെല്ലാം ഈ പെട്ടിയിലാണ് യുവതി കഴിഞ്ഞിരുന്നത്.'

'പുറത്തുനിന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഉള്ളിലെ ലോക്ക് താനെ അടയുന്ന സാങ്കേതികവിദ്യയും യുവാവ് ഒരുക്കിയിരുന്നു. ടി.വി ഉച്ചത്തില്‍വെച്ചാണ് ഇരുവരും പരസ്പരം സംസാരിച്ചിരുന്നത്. വലിയ അസുഖങ്ങളൊന്നും ഇക്കാലയളവില്‍ വന്നില്ലെന്നാണ് പറഞ്ഞത്. ചെറിയ ചില മരുന്നുകളെല്ലാം വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നു.'', എസ്.എച്ച്.ഒ പറഞ്ഞു.

മൂന്ന് മാസം മുമ്പ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് യുവതി വീട്ടില്‍നിന്ന് പുറത്തിറങ്ങിയത്. അന്ന് മാസ്‌ക് വെച്ച് സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറി പോവുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കോ നാട്ടുകാര്‍ക്കോ അവരെ തിരിച്ചറിയാനായില്ല. 

ഇരുവരുടെയും കഥകള്‍ കേട്ട് പൊലീസിന് ആദ്യം വിശ്വസിക്കാനായിരുന്നില്ല. എന്നാല്‍ ആ വീട്ടില്‍ ആരൊക്കെ വന്നു, എന്തൊക്കെ സംസാരിച്ചു എന്നെല്ലാം യുവതി കൃത്യമായി പറഞ്ഞു. അന്വേഷിച്ചതില്‍ ഇതില്‍ മറ്റ് ദുരൂഹതകള്‍ ഒന്നുമില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സാഹചര്യം കൊണ്ടാണ് ഇത്രയും കാലം ഇങ്ങനെ ജീവിക്കേണ്ടി വന്നതെന്ന് റഹ്മാനും സജിതയും പ്രതികരിച്ചു. 'ഇവളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയ്യാറായില്ല' എന്നാണ് റഹ്മാന്‍ പറഞ്ഞത്.

'ഈയടുത്ത് വീട്ടില്‍നിന്ന് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാന്‍ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാര്‍ എനിക്ക് കറികളൊന്നും തന്നിരുന്നില്ല. വാതിലില്‍ ചെറിയ മോട്ടോര്‍ വെച്ചതൊക്കെ ഏത് കുട്ടികളും ചെയ്യുന്ന കാര്യമാണ്. അതൊരു തെറ്റാണോ? ആരെയും ഷോക്കടിപ്പിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല. ടോയ് കാറുകളിലുള്ള മിനിമോട്ടോര്‍ എല്ലാ കടകളിലും കിട്ടും. ഞാന്‍ ഇങ്ങനെ പല ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ കുറേയൊക്കെ വീട്ടുകാര്‍ നശിപ്പിച്ചിട്ടുണ്ട്. ചുമരിലെ വിടവ് ഉണ്ടാക്കിയത് കാറ്റും വെളിച്ചവും കിട്ടാന്‍ വേണ്ടിയാണ്. ദൈവം സഹായിച്ച് ഇതുവരെ വലിയ അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല. തലവേദനയും മറ്റുമൊക്കെ ഉണ്ടായിരുന്നു. അതിനുള്ള ചെറിയ മരുന്നുകളെല്ലാം വാങ്ങിവെച്ചിരുന്നു. ഇനി സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹം. പൊലീസുകാരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. ഇനി ഒരുപ്രശ്‌നവും ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാലും എന്റെ വീട്ടുകാരെ എനിക്ക് പേടിയുണ്ട്. അവര്‍ എന്നെ പുറത്താക്കിയിരിക്കുകയാണ്.', റഹ്മാന്‍ പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All