ഖത്തറിൽ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ഹോട്ടൽ ക്വാറന്റീനിൽ ഇളവ്
ദോഹ : പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ യാത്രാ, പ്രവേശന നയങ്ങൾ പ്രകാരം കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നെത്തുന്ന (മന്ത്രാലയത്തിന്റെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത) ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിർബന്ധിത ഹോട്ടൽ ക്വാറന്റീനിൽ ഇളവു ലഭിക്കും. നിശ്ചിത വ്യവസ്ഥകൾ പാലിക്കണമെന്ന് മാത്രം.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ യാത്രാ, പ്രവേശന നയങ്ങൾ പ്രകാരം 7 വിഭാഗങ്ങൾക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവു ലഭിക്കും. ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ഹോം ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കുമെന്ന പ്രതിഞ്ജാ പത്രം ഒപ്പിട്ടു നൽകണം. 18 വയസ്സിൽ താഴെയുള്ളവരുടെ രക്ഷിതാക്കളോ പ്രതിനിധികളോയാണ് ഒപ്പിടേണ്ടത്. മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങളുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ കൈവശം യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്-പിസിആർ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടാകണം. ഖത്തർ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നാണെങ്കിൽ ഹമദ് വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. പരിശോധനയിൽ പോസിറ്റീവ് എങ്കിൽ ക്വാറന്റീൻ വ്യവസ്ഥ പാലിക്കണം.
1. ഒറ്റയ്ക്ക് അല്ലെങ്കിൽ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ രക്ഷിതാക്കൾക്കൊപ്പം കോവിഡ് വാക്സീൻ എടുക്കാത്ത 18 വയസ്സിൽ താഴെയുള്ളവർ ദോഹയിലേക്ക് എത്തുമ്പോൾ 7 ദിവസം ഹോം ക്വാറന്റീനിൽ കഴിയാം. എന്നാൽ രക്ഷിതാക്കളിൽ ഒരാൾ മാത്രമേ കോവിഡ് വാക്സിനേഷൻ രണ്ടും ഡോസും എടുത്തിട്ടുള്ളുവെങ്കിൽ ഹോം ക്വാറന്റീൻ ലഭിക്കില്ല. വാക്സിനേഷൻ പൂർത്തിയാക്കിയ കുടുംബാംഗത്തിന് വേണമെങ്കിൽ ഹോം ക്വാറന്റീനിൽ കഴിയാം.
2. ഖത്തറിൽ രണ്ടു ഡോസ് വാക്സിനുമെടുത്തവർ വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിട്ടില്ലെങ്കിൽ 7 ദിവസം അല്ലെങ്കിൽ രണ്ടാമത്തെ ഡോസെടുത്ത തീയതി കണക്കാക്കി 14 ദിവസം പൂർത്തിയാകുന്നത് വരെ (ഏതാണ് സൗകര്യപ്രദമെന്നത് തിരഞ്ഞെടുക്കാം) ഹോം ക്വാറന്റീനിൽ കഴിയാം.
3. രാജ്യത്തിന് പുറത്തു നിന്ന് കോവിഡ് വാക്സീൻ എടുത്തവർ അധികൃതർ നിർദേശിക്കുന്ന ക്വാറന്റീൻ ഇളവിലെ മാനദണ്ഡങ്ങൾ പാലിച്ചാൽ ഹോം ക്വാറന്റീൻ അനുവദിക്കും.
4. 75 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവർക്കും അവർക്കൊപ്പമെത്തുന്ന ഒരാൾക്കും ഹോം ക്വാറന്റീനിൽ കഴിയാം. ഒപ്പമുള്ളയാൾ കോവിഡ് വാക്സീൻ രണ്ടാമത്തെ ഡോസും എടുത്തവരും പ്രായമായ ആളുടെ അതേ ദേശീയ മേൽവിലാസത്തിന് കീഴിലുള്ള ആളുമായിരിക്കണം.
5. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ (രണ്ടാമത്തെ ഡോസെടുത്തവർ) ഭർത്താവ് അല്ലെങ്കിൽ അതേ കുടുംബത്തിലെ ബന്ധുവിനൊപ്പമെത്തുന്ന ഗർഭിണികൾ.
6. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ (രണ്ടാമത്തെ ഡോസെടുത്തവർ) ഭർത്താവ് അല്ലെങ്കിൽ അതേ കുടുംബത്തിലെ ബന്ധുവിനൊപ്പമെത്തുന്ന മുലയൂട്ടുന്ന അമ്മമാരും അവരുടെ കുഞ്ഞുങ്ങളും. (രണ്ടു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെങ്കിൽ മാത്രം).
7. പൊതുജനാരോഗ്യ മന്ത്രാലയം വിദേശ ചികിത്സക്കായി അയച്ച രോഗികൾ. രോഗിക്കൊപ്പം അതേ വീട്ടിൽ തന്നെ കഴിയുന്ന, കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ഒരാൾക്കും ഹോം ക്വാറന്റീൻ അനുവദിക്കും.
8. കൂടുതൽ വിവരങ്ങൾക്ക്: https://covid19.moph.gov.qa/EN/Pages/Qatar-Travel-Policyy.aspx
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.