കഴിഞ്ഞ വർഷം സൗദി വിട്ടത് 1,29,000 പ്രവാസി തൊഴിലാളികൾ
റിയാദ് ∙ 2020 ൽ സൗദി തൊഴിൽ മേഖലയിൽ നിന്ന് 1,29,000 പ്രവാസികൾ ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ടതായി സർക്കാർ കണക്കുകൾ. ഇവരിൽ 1,20,000 പേരും പുരുഷന്മാരാണ്. അതേസമയം പ്രാദേശിക തൊഴിൽ വിപണിയിൽ 74,000 സ്വദേശി തൊഴിലാളികളുടെ എണ്ണം കൂടിയതായും റിപ്പോർട്ട് പറയുന്നു. ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും.
വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ട് ശതമാനത്തിന്റെ കുറവാണ് പോയ വർഷം രേഖപ്പെടുത്തിയത്. നിലവിൽ 6.35 ദശലക്ഷം വിദേശ തൊഴിലാളികൾ രാജ്യത്തുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) റജിസ്റ്റർ ചെയ്ത സ്വദേശികളുടെ എണ്ണം നാല് ശതമാനം വർധിച്ച് 2.03 ദശലക്ഷമായി.
2020 ന്റെ അവസാന പാദത്തിൽ പ്രവാസികളുടെ മടങ്ങി പോക്കിൽ വൻ വർധനവ് ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതേ കാലയളവിൽ 18,000 സ്വദേശികളും തൊഴിൽ ഉപേക്ഷിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ സർക്കാർ തലത്തിൽ തൊഴിൽ ചെയുന്ന സ്വദേശികളുടെ എണ്ണം നിലവിൽ 2,81,000 ആണ്. സ്വകാര്യ മേഖലയിൽ 1.75 ദശലക്ഷം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. അതേസമയം സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ എണ്ണം 74,000 ആണ്.
ഗോസിയിൽ റജിസ്റ്റർ ചെയ്ത സ്വദേശികളിൽ ഭൂരിഭാഗവും 20-24 വയസിനിടയിലുള്ളവരാണെന്നും കണക്കുകൾ പറയുന്നു. രണ്ടാമതായി വരുന്നത് 15നും 19 നും ഇടയിൽ പ്രായമുള്ളവരാണ്. 25 നും 29 നും ഇടയിൽ പ്രായമുള്ളവരാണു മറ്റൊരു വിഭാഗം. എൻജിനിയറിങ്, ക്ലറിക്കൽ ജോലികൾ, സെയിൽസ്, ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധ തൊഴിലുകൾ എന്നിവയാണു സ്വദേശികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.